കരിവെളളൂർ പെരളം ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

സാമൂഹിക സാംസ്ക്കാരിക ചരിത്രപശ്ചാത്തലം

പ്രാചീന കാലം മുതൽ തന്നെ കരിവെള്ളൂരിൽ ജനവാസമുണ്ടായിരുന്നതായി ചരിത്രകാരന്‍മാർ രേഖപ്പെടുത്തുന്നു. ബി.സി.500നും എ.ഡി.300നും ഇടയിലുള്ള മഹാശിലാ സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കരിവെള്ളൂര്‍-പെരളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. പുത്തൂർ, ചീറ്റ, മണക്കാട്, നിടുവപ്പുറം തുടങ്ങിയ പ്രദേശങ്ങളില്‍ കണ്ടെത്തിയ ഗുഹകൾ മഹാശിലാ സ്മാരകങ്ങളായ മുതുമക്കത്താഴികളാണ്. ഇവ ശവമടക്കുന്ന കല്ലറകളാണ്. ഇതിന് മുന്‍ഭാഗം ദീര്‍ഘചതുരാകൃതിയിലുള്ള കല്‍പലക കൊണ്ടടച്ചിരിക്കുന്നു. മുകളിലെ വൃത്താകൃതിയിലുള്ള ദ്വാരം അടക്കാന്‍ തൊപ്പിക്കല്ലുണ്ട്. മഹാശിലാസംസ്ക്കാരങ്ങള്‍ നിര്‍മ്മിച്ചവർ പൊതുവെ കറുപ്പും ചുവപ്പും നിറമുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നവരും ഇരുമ്പുപകരണങ്ങൾ കൈവശമുള്ളവരുമായ ജനവിഭാഗമാണെന്ന ചരിത്രകാരന്‍മാരുടെ അഭിപ്രായം സാധൂകരിക്കുന്നവയാണ് ഈ പഞ്ചായത്തില്‍ കണ്ടെത്തിയ ഗുഹകൾ. പഴയ കോലത്തുനാട്ടില്‍ (ക്രിസ്തുവര്‍ഷം 11-ാം നൂറ്റാണ്ടിന് മുമ്പ് മൂഷകരാജ്യം എന്നറിയപ്പെട്ടിരുന്നു) ബൌദ്ധ, ജൈന വിഹാരങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നുവെന്നതിന് തെളിവുകളാണ് വാണീയരുടെ ആദിമുച്ചിലോട്ടും തീയരുടെ കാവുകളും. പള്ളിക്കൊവ്വല്‍, പള്ളിക്കീല്‍ പരപ്പ്, പള്ളിക്കണ്ടം എന്ന സ്ഥലപ്പേരുമെല്ലാം കരിവെള്ളൂരിന്റെ ബൌദ്ധ, ജൈന പഴമകളിലേക്ക് വിരല്‍ ചൂണ്ടുന്നു. തീയരുടെ ദേവാലയങ്ങളുടെ പള്ളിയറ എന്ന പേരും അവിടങ്ങളില്‍ വിളക്ക് കൊളുത്തുന്ന പുരോഹിതന്‍മാരായ അന്തിത്തിരിയന്‍മാര്‍ തലമൊട്ടയടിക്കുന്നതും ചില പ്രത്യേകാവസരങ്ങളില്‍ സസ്യാഹാരം മാത്രം കഴിക്കുന്നതുമെല്ലാം ബൌദ്ധ സ്വാധീനത്തിലേക്കുള്ള സൂചനകളത്രേ.

പ്രാദേശിക വികസന ചരിത്രം

കരിവെള്ളൂര്‍-പെരളം ഗ്രാമങ്ങളുടെ സിംഹഭാഗവും ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലായിരുന്നു. അപൂര്‍വ്വം സ്വതന്ത്ര ജന്മിമാരും ഉണ്ടായിരുന്നു. ഇടമന നമ്പിയുടെയും വങ്ങാട്ട് ഉണിത്തിരിയുടേയും ആധിപത്യത്തിലായിരുന്ന പ്രദേശങ്ങള്‍ അവരുടെ കുടിപ്പക മുതലെടുത്ത് ചിറക്കല്‍ രാജാവ് തന്ത്രപൂര്‍വ്വം കൈക്കലാക്കി. താഴക്കാട്ടുമന, പുത്തൂര്‍ ദേവസ്വം, പെരളം ദേവസ്വം, സോമേശ്വരി ദേവസ്വം, കോട്ടൂര്‍ ദേവസ്വം, നെല്ല്യേരി ഇല്ലം, പെരളത്ത് മഠത്തില്‍ വൈത്തിപ്പട്ടര്‍, മുസ്ളീം ജന്‍മിയായ കൈക്കോട്ടുകടവ് കുടുംബക്കാര്‍ തുടങ്ങിയ വ്യത്യസ്ത ചെറുകിട ജന്‍മിമാരും ഉണ്ടായിരുന്നു. ജനവിഭാഗത്തില്‍  ഭൂരിപക്ഷവും കുടിയാന്‍മാരായിരുന്നു. ജാതിവ്യവസ്ഥയുടെ ഭാഗമായിരുന്ന തൊഴില്‍വിഭജനം ഇവിടെയും നിലനിന്നു. തുണിനെയ്ത്ത്, എണ്ണയാട്ടല്‍, ഇരുമ്പുപണി, കല്‍പ്പണി, കള്ള്ചെത്ത്, മരപ്പണി, ചെരുപ്പുകുത്തല്‍ തുടങ്ങിയവ അതാതുജാതിക്കാര്‍ കുലത്തൊഴിലായി ചെയ്തുവന്നു. കൈത്തറിവസ്ത്ര നിര്‍മ്മാണ രംഗത്ത് ശ്രദ്ധിക്കപ്പെട്ട പ്രദേശമാണ് കരിവെള്ളൂര്‍-പെരളം പഞ്ചായത്ത്. കരിവെള്ളൂരിലെ തെരുഭാഗത്താണ് നെയ്ത്ത് വ്യാപകമായിട്ടുള്ളത്. പഴയകാലത്ത് കണ്ണൂരില്‍നിന്നും തുണിനെയ്യാനുള്ള നൂലു കൊണ്ടുവന്നിരുന്നു. കൈത്തറിയുടെ സുവര്‍ണ്ണകാലത്ത് കരിവെള്ളൂരില്‍ കൂഴിത്തറി സമ്പ്രദായം ഉണ്ടായിരുന്നു. രണ്ട് കൈകൊണ്ടും ഓടം ചാടിച്ചുള്ള നെയ്ത്താണിത്. കുപ്പടം, 10-ാം നമ്പര്‍ മുണ്ട്, തോര്‍ത്ത് എന്നിവയാണ് കരിവെള്ളൂരില്‍ പഴയകാലത്തു ഉണ്ടാക്കിയിരുന്ന തുണിത്തരങ്ങള്‍. 1884-ല്‍ കരിവെള്ളൂരില്‍ ആദ്യത്തെ നാട്ടെഴുത്ത് പള്ളിക്കൂടം സ്ഥാപിച്ചത് മാന്യഗുരു എന്നറിയപ്പെടുന്ന കടിഞ്ഞിയില്‍ കേളു എഴുത്തച്ഛനാണ്. കാല്‍നടയായിട്ടാണ് ആദ്യകാലത്ത് ആളുകള്‍ ദൂരസ്ഥലങ്ങളിലേക്ക് പോയിരുന്നത്. എന്നാല്‍ തമ്പുരാക്കന്‍മാരും നാട്ടുപ്രമാണിമാരും മഞ്ചലില്‍ യാത്ര ചെയ്തിരുന്നു. മഞ്ചല്‍ ചുമന്നിരുന്നത് മുകയ സമുദായത്തില്‍പ്പെട്ടവരായിരുന്നു. തലച്ചുമടായിട്ടും പുഴ, തോട് എന്നിവ വഴി തോണിയിലും മറ്റുമായാണ് ചരക്ക് കൊണ്ടുപോയിരുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് ചുമടുമായി വരുന്നവര്‍ക്ക് അത്താണിയായി ചുമടുതാങ്ങികളും, തണ്ണീര്‍ പന്തലുകളും വഴിയരികിലുണ്ടായിരുന്നു. 1952-ല്‍ വെള്ളൂര്‍ പുഴക്ക് കുറുകെ പാലം വന്നതോടെ ഗതാഗതരംഗത്ത് വലിയ മാറ്റമുണ്ടായി. കരി കത്തിച്ചു ഓടിക്കുന്ന ബസ് ഇവിടെ സര്‍വ്വീസ് നടത്തിയിരുന്നു.

 പ്രാദേശിക സമരചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സ്വാതന്ത്യ്രസമരവും ജന്മിത്തത്തിനെതിരായ കര്‍ഷകസമരവും ഇഴചേര്‍ന്ന ജനകീയ വിമോചനപോരാട്ടത്തിന്റെ കേന്ദ്രം എന്ന നിലയിലാണ് കരിവെള്ളൂര്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. 1936, 37, 38, 39 വര്‍ഷത്തില്‍ നടത്തിയ യുവക്സംഘം വാര്‍ഷികസമ്മേളനത്തില്‍ യശ്ശശരീരരായ എ.കെ.ജി, കെ.കേളപ്പന്‍, വാഗ്ഭടാനന്ദന്‍, ബാരിസ്റ്റര്‍ നായനാര്‍, സ്വാമി ആഗമാനന്ദ, എം.ടി.കുമാരന്‍ മാസ്റ്റര്‍, മഹാകവി കുട്ടമത്ത്, കൃഷ്ണപ്രകാശം, കെ.ദാമോദരന്‍, കാമേശ്വര്‍ റാവു തുടങ്ങിയ മഹത്വ്യക്തികള്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെയും യുവസംഘത്തിന്റേയും പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനങ്ങളില്‍ അവകാശബോധവും, സംഘബോധവും വ്യാപകമായി തുടങ്ങി. കൃഷിക്കാരിലുണര്‍ന്ന അവകാശബോധത്തിന്റെ  രൂപമായി 1935 സെപ്തംബറില്‍ നിലവില്‍ വന്ന കരിവെള്ളൂരിലെ കര്‍ഷകസംഘത്തിന്റെ പ്രസിഡന്റ് എ.വി.കുഞ്ഞമ്പുവും സെക്രട്ടറി എം.പി.അപ്പുമാസ്റ്ററുമായിരുന്നു. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഒടിക്കുത്തലിനും ഒഴിപ്പിക്കലിനുമെതിരെ നടന്ന സമരങ്ങള്‍ കര്‍ഷകര്‍ക്ക് ആശ്വാസവും ആവേശവും പകര്‍ന്നു. അണിയിക്കരക്ഷേത്ര സത്യാഗ്രഹം, നായര്‍ സ്ത്രീകളടക്കം പങ്കെടുത്ത് കൊഴുമ്മലില്‍ നടന്ന പന്തിഭോജനം തുടങ്ങിയ പരിപാടികള്‍ ജനങ്ങളുടെ സാംസ്കാരികനിലവാരം ഉയര്‍ത്താനുതകി. തൊഴിലാളിമേഖലയില്‍ നെയ്ത്ത്, ബീഡി രംഗങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിച്ച് വന്നു. ആയിരം ബീഡിക്ക് ഒരണ വേതനം ആവശ്യപ്പെട്ടുകൊണ്ട് 1945-ല്‍ ഭാരത് ബീഡി തൊഴിലാളികള്‍ നടത്തിയ സമരം ശ്രദ്ധേയമായിരുന്നു. അയിത്തല അമ്പുവാശാന്റെ കീഴില്‍ അവതരിപ്പിച്ച ദേവയാനീചരിതം പോലുള്ള പുരാണ നാടകങ്ങളും പാട്ടബാക്കി പോലുള്ള സാമൂഹ്യ നാടകങ്ങളും ഉദാഹരണങ്ങളില്‍ ചിലതുമാത്രം. 1946 ഡിസംബര്‍ 20 ന് നടന്ന ഐതിഹാസികമായ കരിവെള്ളൂര്‍ സമരം ഇന്ത്യയുടെ രാഷ്ടീയ ഭൂപടത്തില്‍ ഈ പ്രദേശത്തിന് തിളക്കമാര്‍ന്ന സ്ഥാനം നല്‍കി. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമവും കരിഞ്ചന്തയും മൂലം സാധാരണ ജനങ്ങള്‍ പൊറുതിമുട്ടി. വിശക്കുന്ന ആയിരങ്ങള്‍ക്ക് ഭക്ഷണത്തിനും, ജന്മിത്വത്തിന്റെ അക്രമപിരിവുകള്‍ക്കുമെതിരേയും സര്‍വ്വോപരി നാടിന്റെ സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടമായിരുന്നു കരിവെള്ളൂര്‍ സമരം.